ശത്രുക്കളും മിത്രങ്ങളും
അന്താരാഷ്ട്ര സമൂഹത്തിൽ അസാധാരണമായ സമഭാവം നിലനിർത്താൻ പഠിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രത്തിന്റെ നേതാവിനെക്കുറിച്ച് പണ്ഡിതനായ കെന്നത്ത് ഇ. ബെയ്ലി പറഞ്ഞിട്ടുണ്ട്. ഇസ്രായേലുമായും അതിനു ചുറ്റുമുള്ള ജനതകളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ രാജ്യം എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു, "ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ശത്രുക്കളായി മാറുവാൻ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല."
അത് ബുദ്ധിപരവും യഥാർത്ഥത്തിൽ പ്രായോഗികവുമായ തന്ത്രമാണ്. ആ ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കിയത് വ്യക്തിപരമായ തലത്തിൽ ചെയ്യാൻ പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ക്രിസ്തു മാറ്റം വരുത്തിയ ജീവിതത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഒരു നീണ്ട വിവരണത്തിനിടയിൽ അദ്ദേഹം എഴുതി, "കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ" (റോമർ 12:18). നമ്മുടെ ശത്രുക്കളോട് നാം പെരുമാറുന്ന രീതി പോലും (വാ.20-21) ദൈവത്തിലും അവിടുത്തെ ആത്യന്തികമായ കരുതലിലും ഉള്ള നമ്മുടെ വിശ്വാസത്തെയും ആശ്രയത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.
എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാൻ എല്ലായ്പ്പോഴും സാധ്യമായേക്കില്ല (എല്ലാത്തിനുമുപരി, "കഴിയുമെങ്കിൽ" എന്ന് പൗലൊസ് പറയുന്നു). എന്നാൽ യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ ജീവിതത്തെ നയിക്കാൻ അവന്റെ ജ്ഞാനത്തെ അനുവദിക്കുക എന്നതാണ് (യാക്കോബ് 3:17-18). അങ്ങനെ നമുക്ക് ചുറ്റുമുള്ളവരോടു സമാധാനം ഉണ്ടാക്കുന്നവരായി നാം മാറുന്നു (മത്തായി 5:9). സമാധാനത്തിന്റെ രാജകുമാരനെ ആദരിക്കാൻ ഇതിലും നല്ല മാർഗം മറ്റെന്താണ്?
സംഗീതമെന്ന മരുന്ന്
അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽ കാൻസർ ബാധിച്ച അഞ്ച് വയസ്സുകാരി ബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ചികിത്സയുടെ ഭാഗമായി അവൾക്ക് മ്യൂസിക് തെറാപ്പി ലഭിച്ചു. എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലങ്കിലും പല മാനസികാവസ്ഥയിൽ ഉള്ളവർക്കും സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഗുണപ്രദമായി തീർന്നിട്ടുണ്ട് എന്ന് ക്ലിനിക്കൽ ഗവേഷകർ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്ലയെ പോലുള്ള കാൻസർ രോഗികൾക്കും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ, ആഘാതം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സംഗീതം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്നത് സാധാരണമാണ്.
ശൗൽ രാജാവ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഒരു സംഗീത തെറാപ്പിക്കായി തിരഞ്ഞു. അവന്റെ പരിചാരകർ അവന്റെ സമാധാനമില്ലായ്മ കണ്ടു, അവനുവേണ്ടി കിന്നരം വായിക്കാൻ ആരെയെങ്കിലും കണ്ടെത്താമെന്ന് നിർദ്ദേശിച്ചു (1 ശമൂ. 16:16). അത് അവനെ "സുഖമാക്കും" എന്ന് പ്രതീക്ഷയിൽ അവർ യിശ്ശായിയുടെ മകനായ ദാവീദിനെ വിളിപ്പിച്ചു. ശൗൽ അവനിൽ സന്തുഷ്ടനാകുകയും "തന്റെ ശുശ്രൂഷയിൽ തുടരുവാൻ" അവനോട് ആവശ്യപ്പെടുകയും ചെയ്തു (വാ.22). ദാവീദ് ശൗലിന്റെ അശാന്തിയുടെ നിമിഷങ്ങളിൽ അവനുവേണ്ടി കിന്നരം വായിച്ചു, തന്റെ അസ്വസ്ഥതയിൽ അവന് ആശ്വാസം അരുളി.
സംഗീതം നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ദൈവത്തിന് അറിയാമായിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി നാം കണ്ടെത്തുക മാത്രമായിരിക്കാം ചെയ്തിരിക്കുക. നമ്മുടെ ശരീരത്തിന്റെയും സംഗീതത്തിന്റെയും രചയിതാവും സ്രഷ്ടാവും എന്ന നിലയിൽ, നമ്മുടെ ആരോഗ്യത്തിനായി എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമായ ഒരു കുറിപ്പടി അവിടുന്നു നൽകി. ആരും കേൾക്കുന്നിലെങ്കിലും, നമ്മുടെ സന്തോഷങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ സ്വന്തമായി സംഗീതം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ദൈവത്തെ വാഴ്ത്തി പാടാം. (സങ്കീ. 59:16; അപ്പൊ. പ്രവൃത്തി. 16:25).
പ്രോത്സാഹനത്തിന്റെ ജലം
ഞാൻ അതിനെ "പച്ചപ്പിന്റെ അദ്ഭുതം" എന്ന് വിളിക്കുന്നു. പതിനഞ്ച് വർഷത്തിലേറെയായി എല്ലാ വസന്തകാലത്തും ഇത് സംഭവിക്കുന്നു. ശൈത്യമാസങ്ങൾ കഴിയുമ്പോൾ, ഞങ്ങളുടെ മുറ്റത്തെ പുല്ല് പൊടി നിറഞ്ഞതും തവിട്ടുനിറമുള്ളതുമായിരിക്കും, അതിനാൽ, ഒരു സാധാരണ വഴിപോക്കൻ അത് മരിച്ചുവെന്ന് വിശ്വസിച്ചേക്കാം. അമേരിക്കയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ പർവതങ്ങളിൽ മഞ്ഞുണ്ട്, പക്ഷേ സമതലങ്ങളിലെ കാലാവസ്ഥ വരണ്ടതാണ്, ഏറ്റവും ചൂടുള്ള മാസങ്ങളിൽ വരൾച്ച ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എല്ലാ വർഷവും മെയ് അവസാനത്തോടെ, ഞാൻ സ്പ്രിംഗളറുകൾ ഓണാക്കും - വലിയ അളവിലുള്ള വെള്ളമല്ല, മറിച്ച് ചെറുതും സ്ഥിരവുമായ നനവ്. ഏകദേശം രണ്ടാഴ്ച്ചക്കുള്ളിൽ, ഉണങ്ങിയതും തവിട്ടു നിറമുള്ളതുമായ പുല്ല് സമൃദ്ധവും പച്ചനിറമുള്ളതും ആയി മാറുന്നു.
ആ പച്ചപ്പിന്റെ പ്രോത്സാഹനം എത്ര വിലയേറിയതാണെന്ന് ഞാൻ ഓർക്കുന്നു. ചിലപ്പോഴൊക്കെ, നമ്മുടെ ജീവിതവും വിശ്വാസവും ആ നിർജീവമായ പുല്ലിനെ പോലെയാകാം. എന്നാൽ സ്ഥിരമായ പ്രോത്സാഹനത്തിന് നമ്മുടെ ഹൃദയങ്ങളോടും മനസ്സുകളോടും ആത്മാവുകളോടും എന്തു ചെയ്യാൻ കഴിയും എന്നത് അതിശയകരമാണ്. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം ഈ സത്യം ഊന്നിപ്പറയുന്നു. ജനങ്ങൾ ആശങ്കയോടും ഭയത്തോടും മല്ലിടുകയായിരുന്നു. അവരുടെ വിശ്വാസം ബലപ്പെടുത്തേണ്ടതുണ്ടെന്ന് പൗലൊസ് കണ്ടു. പരസ്പരം പ്രബോധിപ്പിക്കുകയും തമ്മിൽ ആത്മികവർധന വരുത്തുകയും ചെയ്യുന്ന നല്ല പ്രവൃത്തി തുടരാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു (1 തെസ്സ. 5:11). അത്തരം നവോന്മേഷം ഇല്ലെങ്കിൽ അവരുടെ വിശ്വാസം ഉണങ്ങുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൗലൊസ് ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്, കാരണം അതേ തെസ്സലൊനീക്യ വിശ്വാസികൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. നിങ്ങൾക്കും എനിക്കും ഇതുപോലെ അവസരമുണ്ട്, പ്രോത്സാഹിപ്പിക്കുവാൻ - പരസ്പരം വളരാനും പൂവിടാനും സഹായിക്കുവാൻ.
കട്ടിളകളിന്മേൽ ആശ്വാസം
തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത്…
ദൈവത്തിന്റെ ശക്തമായ സാന്നിധ്യം
2020 ൽ, സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന യു എസ് ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി പാസാക്കിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. പഴയ ഫോട്ടോഗ്രാഫുകളിൽ സങ്കീർത്തനം 68:11 ആലേഖനം ചെയ്ത ബാനറുകളുമായി മാർച്ച് ചെയ്യുന്നവരെ കാണാം: "കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു."
സങ്കീർത്തനം 68-ൽ, ദാവീദ് ദൈവത്തെ, ബദ്ധന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നവനായും (വാ.6), ക്ഷീണിതരായ തന്റെ ജനത്തെ നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്നവനായും (വാ.9-10) വിശേഷിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന്റെ മുപ്പത്തിയഞ്ചു വാക്യങ്ങളിൽ, ദാവീദ് നാൽപത്തിരണ്ടു തവണ ദൈവത്തെ പരാമർശിക്കുന്നു; അനീതിയിൽ നിന്നും കഷ്ടതയിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ ദൈവം അവരോടൊപ്പം നിരന്തരം ഉണ്ടായിരുന്നതെങ്ങനെയെന്ന് താൻ വെളിപ്പെടുത്തുന്നു. വലിയൊരു ഗണം സുവാർത്താദൂതികൾ ഈ സത്യം പ്രഘോഷിക്കുന്നു (വാ.11).
വോട്ടവകാശത്തിന് വേണ്ടി അണിനിരന്ന സ്ത്രീകൾ സങ്കീർത്തനം 68 പ്രഖ്യാപിക്കുന്നതെല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അവരുടെ ബാനറുകൾ കാലാതീതമായ ഒരു സത്യത്തെ വിളിച്ചറിയിച്ചു. "അനാഥന്മാർക്കു പിതാവും" ''വിധവമാർക്കു ന്യായപാലകനും" (വാ.5) ആയ ദൈവം തന്റെ ജനത്തിന് മുമ്പേ പോയി, അവരെ അനുഗ്രഹത്തിന്റെയും ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളിലേക്ക് നയിക്കുന്നു.
ദൈവത്തിന്റെ സാന്നിധ്യം എല്ലായ്പോഴും തന്റെ ജനത്തോടൊപ്പം – പ്രത്യേകിച്ചും ദുർബലരുടെയും കഷ്ടപ്പെടുന്നവരുടെയും കൂടെ - ഉണ്ടായിരുന്നുവെന്ന് ഓർത്തുകൊണ്ട് ഇന്ന് നമുക്ക് ധൈര്യപ്പെടാം. പണ്ടത്തെ പോലെതന്നെ, തന്റെ ആത്മാവിലൂടെ, ദൈവസാന്നിധ്യം ഇന്നും നമ്മോടു കൂടെയിരിക്കുന്നു.